Monday, August 24, 2009

ജോസേട്ടന് ....

പ്രിയപെട്ട ജോസേട്ടന്
(അത് തന്നെയാണ് നിന്‍ പേരെങ്കില്‍)
നീ ഓര്‍ക്കുന്നുവൊ
ഓര്‍മ്മ എന്നൊന്ന് നിനക്കുണ്ടൊ
പത്തു വര്‍ഷം മുന്‍പാ കോട്ടയത്തെ തെരുവില്‍
കുരിശു രൂപത്തിനും മാതാവിനും താഴെ
അന്നാ തട്ടുകടയില്‍
ഞാന്‍ വലിച്ചെറിഞ്ഞ എച്ചില്‍ പാത്രം
ആര്‍ത്തിയാല്‍ നുണഞ്ഞ നീ
മ്രിഗമല്ല നരനെന്നു തിരിച്ചറിയവെ
മോടിയില്‍ ഭോജനം സദയം ഒരു പാത്രം
വാങ്ങി ഞാന്‍ നല്‍കവെ
" വേണ്ട സാറെ ശല്യമാ
കൊടുത്താല്‍ പിന്നെ പോകില്ല നാശം"
എന്നു സാരം ഓതിയ നാട്ടുകാരന്‍

നിറം മങ്ങിയ പാന്‍ പരാഗിന്‍
കവറുകള്‍ നടുവില്‍ തുളച്ചവ
നൂലിനാല്‍ കോര്‍ത്തൊരു
ഹാരമായ് അണിഞും
തല ചൊറിഞ്ഞും
പിറുപിറുത്തും ചടഞ്ഞിരിക്കും
നിന്റെ രൂപം
ഒരിറ്റു ജലം നിന്‍ മേനിയില്‍
തീന്ടിയിട്ടേറെകൊല്ലമായ്
ചെളിയാണു നീ
ശിരസ്സും ശരീരവും വസ്ത്രവും
ഒരു കൂന ചെളിയാണു നീ
ജടയില്‍ അരിക്കുന്നതു പേനല്ല ,
പേന്‍ തിന്നുവാന്‍ വന്ന പുഴുക്കളാണു

മാരുതിക്കാരന്‍ വലിച്ചെരിഞ്ഞു
നിരത്തില്‍ വീണുരുളും
അണയാ സിഗരറ്റിന്‍ തീക്കനല്‍ തിളക്കത്താല്‍
കുതിച്ചു നീ ചാടി
പാഞ്ഞുവന്നൊരാവാഹനം നിന്നേ
തെറിപ്പിച്ചു നിര്‍ദയം
എത്ര വിചിത്രം !!
വീണുരുളും നിന്‍
നാഭിയില്‍ തൊഴിച്ചും മുഖത്ത് തുപ്പിയും
പുലഭ്യം പറഞ്ഞും മര്‍ദനം തുടരവെ
ഹ്രിദയം തകര്‍ന്നുപോയ് സോദരാ
പിടക്കുന്ന നിന്നെ പിടിച്ചു
ഞാന്‍ എഴുന്നേല്‍പ്പിക്കവെ
പിറുപിറുത്തു പിരിഞ്ഞുപോകും
മരവിച്ച മനസ്സാക്ഷിതന്‍ ശവങള്‍
പേരറിയാ സിഗരറ്റൊരെണ്ണം
വാങ്ങിക്കൊളുത്തി ഞാന്‍ നീട്ടി
പുകയെത്ര ആഞ്ഞുവലിച്ചതു
കെടുത്തി നീ ചെവിയില്‍ തിരുകി

പാട്ടുകാരനെന്നു നീ അവ്യക്തം മൊഴിഞ്ഞതും
പാട്ടു പാടിക്കുവാന്‍ വ്യഥാ ഞാന്‍ തുനിഞ്ഞതും
പിന്തുടര്‍ന്നെന്നെ നീ പാതിരാവില്‍ വന്നതും
ആര്‍ത്തട്ടഹസിച്ചും കൂക്കിവിളിചും
കൂട്ടുകാര്‍ നിന്നെ ആട്ടിപ്പായിക്കവെ
നിശ്ച്ചലം നിസ്സഹായനായ്
നോക്കി നില്‍ക്കയാണു ഞാന്
‍മാഞ്ഞുപോയ് നീ എങ്ങൊ
മറഞ്ഞുപോയ് നീ എങ്ങൊ
കണ്ടില്ല കേട്ടില്ല ആര്‍ക്കുമറിയില്ല
മരണം മണക്കും വീഥിയില്‍ നിന്നു
മാറിച്ചലിക്ക നീ
ഏറെത്തപ്പിക്കുന്നു നിനക്കയെന്‍ സോദരാ

നടു തുളഞ്ഞൊരു പാന്‍ പരാഗിന്‍ കൂട് മാത്രം
ഇന്നുമെന്‍ ടയറിയില്‍
കൂനിക്കൂടിച്ചടഞ്ഞിരിക്കുന്നു.....

Tuesday, February 10, 2009

ചരണം

ചരണം

നിഴലും നിലാവും ഇല്ലാതെ
ദേഹിയുടെ ഭാരങ്ങളില്ലാതെ
ഇന്നിന്റെ കെട്ടുബന്ധങ്ങള്‍ ഇല്ലാതെ
നാളെയുടെ ആശങ്കകളില്ലാതെ
ഇനി നടക്കില്ലീവഴികളില്‍ ഒരു ചാണ് പോലും
ഇനി മുഴങ്ങില്ലൊരു വരി കവിത പോലും
ഇനിയില്ല ഇനിയില്ല നടന ഭാവങ്ങളും
ഇനിയില്ല വേദിയും സഭയും ചടങ്ങും
ഒരു കുഞ്ഞു ബീജമായ്‌ അന്ന് ഞാന്‍ ചുരന്നതും
അണ്ഡമായ്‌ ഭ്രൂണമായ് പിന്നെന്നെ പേരിയതും
തഴുകി തരളിതമായ് തളര്‍ന്നുഞാന്‍ ഉറങ്ങിയതും
കൊഞ്ചലായ് കുസ്രുതിയായ് പിന്നെ ഞാന്‍ ഉണര്‍ന്നതും
എന്തിനായ് തീക്ഷ്ണവര്‍ണങ്ങള്‍ ചാര്‍ത്തിഞാന്‍ ജീവനില്‍
എന്തിനായ് കൊണ്ടും കൊടുത്തും കവര്‍ന്നു ഞാന്‍ ഭാണ്ടങ്ങള്‍
എന്തിനായ് അടങ്ങാത്ത മോഹങ്ങള്‍ നെയ്തു ഞാന്
എന്തിനായ് മുള്‍വഴികള്‍ ഏറേ താണ്ടി ഞാന്‍
ഇനി മടങ്ങാം
തുടക്കത്തിലേക്ക് മടങ്ങാം
മടക്കമില്ലാത്തൊരന്ത്യയാത്ര തുടരാം

  great macha